ന്യൂഡൽഹി: ഇന്ത്യൻ ജനാധിപത്യ ചരിത്രത്തിൽ ആദ്യമായി, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ സ്ഥാനത്തുനിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ എം.പിമാർ പാർലമെന്റിൽ നോട്ടീസ് സമർപ്പിച്ചു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെയാണ് 'ഇന്ത്യ' സഖ്യത്തിലെ 193 എംപിമാർ ഒപ്പിട്ട നോട്ടീസ് ലോക്സഭയിലും രാജ്യസഭയിലും നൽകിയത്.
ലോക്സഭയിലെ 130 എംപിമാരും രാജ്യസഭയിലെ 63 എംപിമാരും ചേർന്നാണ് സംയുക്തമായി ഈ നീക്കം നടത്തിയത്. തൃണമൂൽ കോൺഗ്രസ് മുൻകൈയെടുത്ത ഈ നീക്കത്തിന് കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ പൂർണ പിന്തുണ നൽകി.
ഭരണഘടനാ പദവിയിലിരുന്ന് ഏകപക്ഷീയമായും വിവേചനപരമായും പെരുമാറി, വോട്ടർ പട്ടിക പുതുക്കുന്നതിലെ ക്രമക്കേടുകൾ വഴി ലക്ഷക്കണക്കിന് ആളുകളെ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കി, തെരഞ്ഞെടുപ്പ് തട്ടിപ്പുകളെക്കുറിച്ചുള്ള അന്വേഷണങ്ങൾ തടസപ്പെടുത്തി എന്നിവയാണ് പ്രധാന കുറ്റാരോപണങ്ങൾ.
ഭരണഘടനയുടെ 324(5) അനുഛേദം അനുസരിച്ച് ഒരു സുപ്രീം കോടതി ജഡ്ജിയെ നീക്കം ചെയ്യുന്ന അതേ സങ്കീർണ്ണമായ നടപടിക്രമത്തിലൂടെ മാത്രമേ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെയും നീക്കം ചെയ്യാൻ സാധിക്കൂ. നോട്ടീസ് അംഗീകരിക്കപ്പെട്ടാൽ, ലോക്സഭ സ്പീക്കറും രാജ്യസഭ ചെയർമാനും ചേർന്ന് ആരോപണങ്ങൾ അന്വേഷിക്കാൻ മൂന്നംഗ സമിതിയെ നിയോഗിക്കും. സുപ്രീംകോടതി ജഡ്ജി, ഹൈക്കോടതി ചീഫ് ജസ്റ്റിസ്, പ്രമുഖനായ ഒരു നിയമവിദഗ്ധൻ എന്നിവരടങ്ങുന്ന സമിതിയായിരിക്കും ഇത്.